അഭ്യൂഹങ്ങൾക്ക് വിട; നീണ്ട 20 ദിവസങ്ങൾക്ക് ശേഷം കിം ജോങ് ഉൻ പൊതുചടങ്ങിൽ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. കിം പൊതുചടങ്ങിൽ പങ്കെടുത്തതായി ഉത്തര കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
 

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. കിം പൊതുചടങ്ങിൽ പങ്കെടുത്തതായി ഉത്തര കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 20 ദിവസങ്ങൾക്ക് ശേഷാണ് കിം പൊതു ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്

തലസ്ഥാനമായ പ്യോങ്യാങിലെ വളം നിർമാണ കേന്ദ്രം കിം ഉദ്ഘാടനം ചെയ്തതായാണ് റിപ്പോർട്ട്. സഹോദരി കിം യോ ജോങും രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കിം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം വാർത്താ ഏജൻസി പിന്നീട് പുറത്തുവിട്ടു

ഏപ്രിൽ 11ന് നടന്ന പാർട്ടി പോളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഏപ്രിൽ 15ന് മുത്തച്ഛൻ കൂടിയായ ഉത്തര കൊറിയൻ രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്.

കിമ്മിന് ഹൃദയ ശസ്ത്രക്രിയ നടന്നുവെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.