{"vars":{"id": "89527:4990"}}

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് കാമുകിക്ക് ഫോട്ടോ അയച്ചു; അമേരിക്കയിൽ ഇന്ത്യൻ ഐടി പ്രൊഫഷണൽ അറസ്റ്റിൽ

 

ന്യൂയോർക്ക്: കാമുകിക്കൊപ്പം ജീവിക്കാനായി അമേരിക്കയിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ അവിനാഷ് (30) ആണ് യുഎസിലെ ബെല്ലെവ്യൂവിൽ വച്ച് പോലീസിന്റെ പിടിയിലായത്.

​കഴിഞ്ഞ വർഷം (2025) ഒക്ടോബർ 27-നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ബെല്ലെവ്യൂവിലുള്ള അപ്പാർട്ട്മെന്റിൽ വച്ച് അവിനാഷ് ഭാര്യ രാജിത സബ്ബിനേനിയെ (27) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്, ഭാര്യ ബാത്ത്റൂമിൽ കയറി വാതിൽ പൂട്ടിയെന്നും തുറക്കുന്നില്ലെന്നും കാണിച്ച് പ്രതി തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തി വാതിൽ തകർത്തപ്പോൾ രാജിതയെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. താൻ ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ഭാര്യയെ ബാത്ത്റൂമിൽ കാണാത്തതിനെ തുടർന്നാണ് പോലീസിനെ വിളിച്ചതെന്നാണ് അവിനാഷ് ആദ്യം മൊഴി നൽകിയിരുന്നത്.

​എന്നാൽ, മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാജിതയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തുകയായിരുന്നു.

​വിവാഹത്തിന് മുൻപ് തന്നെ ഇന്ത്യയിലുള്ള മറ്റൊരു യുവതിയുമായി അവിനാഷിന് പ്രണയബന്ധമുണ്ടായിരുന്നു. 2025 ജൂണിലായിരുന്നു രാജിതയുമായുള്ള വിവാഹം. ഈ വിവാഹച്ചടങ്ങിൽ കാമുകിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ബന്ധം തുടർന്ന അവിനാഷ്, കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ ഒഴിവാക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.

​കൊലപാതകത്തിന് ശേഷം രാജിതയുടെ മൃതദേഹത്തിന്റെ ഫോട്ടോ അവിനാഷ് കാമുകിക്ക് അയച്ചു കൊടുത്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കൊലപാതകത്തിന് മുൻപ് അവിനാഷ് തയാറാക്കി നൽകിയ സ്മൂത്തിയിൽ മരുന്നിന്റെ കയ്പ്പുണ്ടെന്ന് കാണിച്ച് രാജിത അയച്ച സന്ദേശങ്ങളും ഇവരുടെ ഫോണുകളിൽ നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.