യുഎസിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്, പള്ളിക്ക് തീയിട്ടു; രണ്ട് പേർ കൊല്ലപ്പെട്ടു
യുഎസിലെ മിഷിഗണിൽ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിലാണ് വെടിവെപ്പ് നടന്നത്.
അക്രമി തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിക്ക് അകത്തേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇതിന് ശേഷമാണ് വെടിവെപ്പ് നടന്നത്. അക്രമിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിൽ പള്ളിക്ക് തീപിടിച്ചു. അക്രമി തന്നെയാണ് പള്ളിക്ക് തീയിട്ടതെന്നാണ് വിവരം.
അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിന്റെ പ്രസിഡന്റ് ആയിരുന്ന റസൽ എം നെൽസന്റെ മരണത്തിന് തൊട്ടടുത്ത ദിവസമാണ് പള്ളിയിൽ ആക്രമണം നടന്നത്.