ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; 82 മരണം: 9 പേരെ കാണാതായി
ബെയ്ജിങ്: ചൈനയിലെ വടക്കൻ പ്രവിശ്യയായ ഷാൻസിയിലെ ലിയുഷെൻയു (Liushenyu) കൽക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്ഫോടനത്തിൽ 82 തൊഴിലാളികൾ മരണപ്പെട്ടു. അപകട സമയത്ത് ഖനിക്കുള്ളിൽ ഉണ്ടായിരുന്ന ഒമ്പത് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ ഇരുനൂറ്റമ്പതോളം തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരെയും ശനിയാഴ്ച രാവിലെയോടെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും മരണസംഖ്യ പെട്ടെന്ന് ഉയരുകയായിരുന്നു. ഖനിക്കുള്ളിലെ അമിതമായ വിഷവാതകത്തിന്റെ സാന്നിധ്യവും പുകയും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവർക്കായി സാധ്യമായ എല്ലാ വഴികളും തേടാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഖനിയുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ, കമ്പനിയുടെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപകാലത്ത് ചൈനയിലുണ്ടായ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നാണിത്.