പരീക്ഷണത്തിനിടെ വൻ സ്ഫോടനം; ജെഫ് ബെസോസിന്റെ 'ന്യൂ ഗ്ലെൻ' റോക്കറ്റ് ലോഞ്ച് പാഡിൽ കത്തിയമർന്നു
ഫ്ലോറിഡയിലെ കേപ് കനാവറലിൽ വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണത്തിനിടെ വൻ സ്ഫോടനം. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'ബ്ലൂ ഒറിജിൻ്റെ' (Blue Origin) 'ന്യൂ ഗ്ലെൻ' (New Glenn) റോക്കറ്റാണ് ലോഞ്ച് പാഡിൽ വച്ച് പൊട്ടിത്തെറിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായി എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു നോക്കുന്ന 'ഹോട്ട് ഫയർ ടെസ്റ്റിനിടെ' (Hotfire test) ആയിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ റോക്കറ്റ് പൂർണ്ണമായും അഗ്നിഗോളമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപപ്രദേശങ്ങളിലെ വീടുകൾ കുലുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ബ്ലൂ ഒറിജിൻ അധികൃതർ അറിയിച്ചു. പരീക്ഷണത്തിനിടെ ചില സാങ്കേതിക തടസ്സങ്ങൾ (anomaly) നേരിട്ടതായും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.
ആമസോണിന്റെ 48 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാലാമത്തെ ദൗത്യത്തിനായി റോക്കറ്റ് ഒരുക്കുന്നതിനിടെയാണ് ഈ വൻ തിരിച്ചടി നേരിട്ടത്. റോക്കറ്റിൽ ഉപഗ്രഹങ്ങൾ ഘടിപ്പിക്കുന്നതിന് മുൻപായിരുന്നു പരീക്ഷണം എന്നതിനാൽ ഉപഗ്രഹങ്ങൾ സുരക്ഷിതമാണ്. എലോൺ മസ്കിന്റെ സ്പേസ് എക്സിന് (SpaceX) കടുത്ത വെല്ലുവിളി ഉയർത്താൻ ബ്ലൂ ഒറിജിൻ ലക്ഷ്യമിടുന്ന പ്രധാന റോക്കറ്റാണ് ന്യൂ ഗ്ലെൻ.