{"vars":{"id": "89527:4990"}}

ജക്കാർത്തയിലെ ജിയുങ് മാർക്കറ്റിൽ വൻ തീപിടിത്തം; മുന്നൂറിലധികം കെട്ടിടങ്ങൾ കത്തിയമർന്നു: നാനൂറോളം കുടുംബങ്ങൾ തെരുവിലായി

 

ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ സെൻട്രൽ ജക്കാർത്തയിലുള്ള പ്രശസ്തമായ ജിയുങ് മാർക്കറ്റിലും (Jiung Market) സമീപത്തെ ജനവാസ മേഖലയിലും ഉണ്ടായ വൻ തീപിടിത്തത്തിൽ വൻ നാശനഷ്ടം. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെമയോരൻ ജില്ലയിലെ ഈ മാർക്കറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മുന്നൂറിലധികം കെട്ടിടങ്ങളും വീടുകളും പൂർണ്ണമായും കത്തിയമർന്നു. ഇതോടെ നാനൂറോളം കുടുംബങ്ങളിലെ അറുന്നൂറിലധികം ആളുകൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെടുകയും അവർ ഭവനരഹിതരാകുകയും ചെയ്തു.

​തീ പടർന്നുപിടിച്ചതിനെത്തുടർന്ന് മുപ്പത്തിയഞ്ചോളം ഫയർ എഞ്ചിനുകളും 170-ലധികം അഗ്നിശമന സേനാംഗങ്ങളും മണിക്കൂറുകളോളം പണിയെടുത്താണ് പുലർച്ചെയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

​തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത പുക ശ്വസിച്ച് ശ്വാസതടസ്സം നേരിട്ട നിരവധി പേരെയും പരിക്കേറ്റവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വീടുകൾ നഷ്ടപ്പെട്ടവർക്കായി യൂസഫ് ഹംക മൈതാനത്ത് താൽക്കാലിക പുനരധിവാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. റെഡ് ക്രോസും സോഷ്യൽ സർവീസ് ഏജൻസികളും ചേർന്ന് ഇവർക്കായി ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചു വരികയാണ്. വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ താമസസൗകര്യം ഒരുക്കുന്നതിനായി ജക്കാർത്ത പ്രാദേശിക ഭരണകൂടം പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.