{"vars":{"id": "89527:4990"}}

ചൈനയിലെ ചോങ്കിങില്‍ കനത്ത മണ്ണിടിച്ചില്‍; എട്ടുപേര്‍ മരിച്ചു: 34 പേരെ കാണാതായി

 

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിങ് നഗരത്തിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. നിരവധി ജനവാസ കെട്ടിടങ്ങൾ മണ്ണടിഞ്ഞ ദുരന്തത്തിൽ 34 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ആയിരത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

​വെള്ളിയാഴ്ച രാവിലെ ചോങ്കിങിലെ പെങ്ഷുയി കൗണ്ടിയിലായിരുന്നു അപകടം. കനത്ത മഴയെത്തുടർന്ന് മലനിരകളിൽ നിന്ന് വൻതോതിൽ പാറക്കല്ലുകളും മണ്ണും ജനവാസ മേഖലയിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. പത്തോളം റസിഡൻഷ്യൽ കെട്ടിടങ്ങൾ പൂർണ്ണമായും മണ്ണിനടിയിലായതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

​തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് പത്തോളം പേരെ ജീവനോടെ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രദേശത്ത് എണ്ണൂറിലധികം രക്ഷാപ്രവർത്തകർ അത്യാധുനിക സംവിധാനങ്ങളുമായി തിരച്ചിൽ തുടരുകയാണ്. എന്നാൽ കനത്ത മഴയും ഭൂപ്രകൃതിയിലെ സങ്കീർണ്ണതയും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

​തുടർ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ വൈദ്യുതി, ഗ്യാസ്, വാട്ടർ കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ദുരന്തത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അനുശോചനം രേഖപ്പെടുത്തുകയും, രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. ഭവനരഹിതരായവർക്ക് ആവശ്യമായ ടെന്റുകളും അടിയന്തര സഹായ സാമഗ്രികളും എത്തിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.