{"vars":{"id": "89527:4990"}}

മോദി-ട്രംപ് ബന്ധം വഷളായത് ലോക നേതാക്കൾക്കുള്ള പാഠം: ജോൺ ബോൾട്ടൺ

 

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധം വഷളായത് ലോക നേതാക്കൾക്ക് ഒരു പാഠമാണെന്ന് മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ എൽബിസിക്ക് (LBC) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ വിദേശനയത്തിന്റെ സ്വഭാവം മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ലെന്നും, നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധങ്ങൾ അദ്ദേഹത്തിന്റെ നയപരമായ തീരുമാനങ്ങളിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും ബോൾട്ടൺ ചൂണ്ടിക്കാട്ടി.

​ട്രംപ് ലോക നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര ബന്ധങ്ങളെ കാണുന്നതെന്നും എന്നാൽ അത് എല്ലായ്‌പ്പോഴും നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി ട്രംപിന് നല്ല വ്യക്തിബന്ധമുണ്ടായിരുന്നു, എന്നാൽ അത് ഇപ്പോൾ ഇല്ലാതായി. ഇത് എല്ലാവർക്കും ഒരു പാഠമാണെന്നും ബോൾട്ടൺ കൂട്ടിച്ചേർത്തു. മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചും ട്രംപിന്റെ ഇന്ത്യ വിരുദ്ധ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

​ട്രംപിന്റെ നയങ്ങൾ ഇന്ത്യയെ റഷ്യയിലേക്കും ചൈനയിലേക്കും അടുപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് പതിറ്റാണ്ടുകളായി യുഎസ് ശ്രമിച്ചുകൊണ്ടിരുന്ന നയതന്ത്രങ്ങളെ പിന്നോട്ട് വലിക്കുന്നതാണെന്നും ബോൾട്ടൺ ആരോപിച്ചു.