നെതന്യാഹുവിന്റേത് വീണ്ടുവിചാരമില്ലാത്ത നടപടി; അതൃപ്തി ഫോൺ വിളിച്ചറിയിച്ച് ട്രംപ്
Updated: Sep 11, 2025, 08:17 IST
ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ട്രംപിന് അതൃപ്തിയെന്ന് റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു
ഹമാസിന് ദോഹയിൽ ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്കാണ്. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കും. ആക്രമണം മുൻകൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂ എന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി
ആക്രമണം നടത്താൻ തനിക്ക് ഒരു ചെറിയ അവസരം ലഭിച്ചെന്നും അതപ്പോൾ തന്നെ മുതലെടുത്തെന്നും നെതന്യാഹു പറഞ്ഞു. ഈ ഫോൺ വിളിക്ക് ശേഷം നടന്ന രണ്ടാമത്തെ ഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും സൗഹാർദപരമായി സംസാരിച്ചെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.