{"vars":{"id": "89527:4990"}}

അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ നടക്കുന്ന പുതിയ ഗവേഷണങ്ങള്‍

 
മെല്‍ബണ്‍: ഗവേഷകരെ കാലങ്ങളോളമായി വിടാതെ പിന്തുടരുന്ന ഒരു പ്രഹേളികയാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഈ ആധുനിക കാലത്തും അത്തരം ജീവികള്‍ ഭൂമിയില്‍ വന്നുപോകുന്നതായി ചില നിഗമനങ്ങളുണ്ടെങ്കിലും മനുഷ്യര്‍ ഇന്നുവരെ കണ്ടെത്തിയിരിക്കുന്ന ഒരു ഉപകരണത്തിനും ഇവയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഇത്തരം ജീവികളെ കണ്ടെന്ന രീതിയിലുള്ള അനേകം വര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ടെങ്കിലും ഇനിയും അതിനൊന്നും സ്ഥിരീകരണമോ, ശാസ്ത്രീയമായ ഒരു വിശദീകരണമോ ഉണ്ടായിട്ടില്ല. പലപ്പോഴും പറക്കുംതളികകളില്‍ അത്തരം ജീവികള്‍ ഭൂമിയിലെത്തി മടങ്ങിയെന്ന രീതിയിലെല്ലാം വാര്‍ത്തകള്‍ വരാറുണ്ട്. പക്ഷേ എവിടെ എപ്പോള്‍ ആരാണ് കണ്ടത്. പക്ഷേ കണ്ടെന്നു സാക്ഷ്യപ്പെടുത്തുന്നവരുടെ മൊഴികള്‍പോലും ശാസ്ത്രീയമായി നിലനില്‍ക്കുന്നതല്ലെന്നതാണ് സത്യം. എന്നാല്‍ ഈയിടെയായി വരുന്ന വാര്‍ത്തകളെ കെട്ടുകഥകളോ, ആരുടേയെങ്കിലും ഭാവനയോ ആയി മാത്രം കാണാനാവില്ലെന്ന ചില വാദങ്ങളും പ്രബലമാവുകയാണ്. ഏറെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അന്യഗ്രഹ ജീവികളെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്നത്. അന്യഗ്രഹ ജീവികള്‍ കേവലം കെട്ടുകഥകള്‍ അല്ലെന്നും അതൊരു യാഥാര്‍ത്ഥ്യമാണെന്നും വിശ്വസിക്കാന്‍ പാകത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. വിഷയം കുറേക്കൂടി ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഉരുത്തിരിഞ്ഞ പശ്ചാത്തലത്തില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ് ഗവേഷകര്‍. ദി സെര്‍ച്ച് ഫോര്‍ എക്സ്ട്രാടെറസ്ട്രിയല്‍ ഇന്റലിജന്‍സിലെ (എഇടിഐ) ഗവേഷക സംഘമാണ് അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ ഉറച്ച തീരുമാനം എടുത്തിരിക്കുന്നത്. ഗവേഷകനായ ചെനോവ ട്രെംബ്ലെയും സംഘവുമാണ് ഇത്തരത്തില്‍ ഗവേഷണം നടത്തുന്നത്. ഇതിനായി 1,300 ആകാശഗംഗകളെ ഇവര്‍ നിരീക്ഷിക്കും. ഇവിടെ നിന്നുള്ള തരംഗങ്ങള്‍ ആണ് ഇവര്‍ പഠനവിധേയം ആക്കുന്നത്. 80 മുതല്‍ 300 മെഗാഹെഡ്സ് വരെയുള്ള താഴ്ന്ന ഫ്രീക്വന്‍സിയുള്ള തരംഗങ്ങളിലാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരുടെ പരീക്ഷണ നിരീക്ഷണങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന് പറയാനാവില്ലെങ്കിലും അത് വിജയിക്കുന്ന ഒരു ഘട്ടം സംജാതമായാല്‍ മാനവരാശിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മികവുറ്റ ഏടുകളില്‍ ഒന്നായി അതുമാറുമെന്ന് നമുക്ക് നിസംശയം പറയാനാവും. എന്തായാലും ഗവേഷണങ്ങള്‍ പുരോഗമിക്കട്ടെ.