കോവിഡ്-19: വേനല്‍ക്കാലത്ത് ന്യൂയോര്‍ക്ക് നഗരത്തിലെ നീന്തല്‍ക്കുളങ്ങള്‍ അടച്ചിടും, കടല്‍ത്തീരങ്ങളും അടച്ചിടാന്‍ സാധ്യത

മൊയ്തീന് പുത്തന്ചിറ ന്യൂയോര്ക്ക്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 2020ലെ വേനല്ക്കാലത്ത് ന്യൂയോര്ക്ക് നഗരത്തിലെ എല്ലാ പൊതുനീന്തല്ക്കുളങ്ങളും അടച്ചിടുമെന്ന് മേയര് ഡി ബ്ലാസിയോ പറഞ്ഞു. തന്നെയുമല്ല, കല്ത്തീരങ്ങളും
 

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 2020ലെ വേനല്‍ക്കാലത്ത് ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ പൊതുനീന്തല്‍ക്കുളങ്ങളും അടച്ചിടുമെന്ന് മേയര്‍ ഡി ബ്ലാസിയോ പറഞ്ഞു. തന്നെയുമല്ല, കല്‍ത്തീരങ്ങളും അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ നഗരം ശ്രമിക്കുന്നതിനാല്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും ഇങ്ങനെ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ ഈ മഹാമാരിയെ തടഞ്ഞു നിര്‍ത്താനാകൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാങ്കീ സ്റ്റേഡിയത്തിലെ ബേസ്ബോള്‍ ഗെയിമുകള്‍ പോലുള്ള വലിയ കായിക മത്സരങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാസങ്ങളോളം നടക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിച്ച് ആര്‍ക്കു വേണമെങ്കിലും ഇപ്പോള്‍ കടല്‍ത്തീരത്ത് നടക്കാം. എന്നാല്‍, സാധാരണപോലെ വേനല്‍ക്കാലത്തും കടല്‍ത്തീരങ്ങളില്‍ പോകുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കന്നില്ലെന്ന് മേയര്‍ പറഞ്ഞു.

നീന്തല്‍ക്കുളങ്ങളും കടല്‍ത്തീരവും അടയ്ക്കുന്നത്, അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് എങ്ങനെയായിരിക്കും എന്ന് മേയര്‍ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍, ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാതെ ആരെയും കടല്‍ത്തീരത്ത് നീന്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘നമുക്ക് കുറച്ചു ചെറുപ്പക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം അവര്‍ സുരക്ഷിതമല്ലാത്ത സ്ഥലത്ത് നീന്താന്‍ പോയതാണ്. ഡ്യൂട്ടിയില്‍ ഒരു ലൈഫ് ഗാര്‍ഡും ഇല്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ വര്‍ഷങ്ങളായി അത് തുടരുകയാണ്. അതുകൊണ്ട് ഇപ്രാവശ്യം അത് അനുവദിക്കാന്‍ സാധ്യമല്ല,’ മേയര്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ അവസാനം മുതല്‍ തൊഴിലാളി ദിനം (Labor Day) വരെ പൊതു നീന്തല്‍ക്കുളങ്ങള്‍ അടച്ചിട്ടാല്‍ നഗരത്തിന് 12 മില്യണ്‍ ഡോളര്‍ ലാഭിക്കാനാകുമെന്ന് ഡി ബ്ലാസിയോ വ്യാഴാഴ്ച നിര്‍ദ്ദേശിച്ച ബജറ്റില്‍ പറയുന്നു. ‘വേനല്‍ക്കാലത്തേക്ക് നീന്തല്‍ക്കുളങ്ങള്‍ തയ്യാറാക്കാന്‍ ഇപ്പോള്‍ പണം ചിലവഴിക്കേണ്ട കാര്യമില്ല. അതേക്കുറിച്ച് ഒരു വ്യക്തമായ പദ്ധതി ഇതുവരെ തയ്യാറാക്കിയിട്ടില്ല,’ ഡി ബ്ലാസിയോ പറഞ്ഞു.