{"vars":{"id": "89527:4990"}}

ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ ഒന്‍പത് മരണം; യുഎസ് പടക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍: തള്ളി യുഎസ്

 

ടെഹ്‌റാൻ: ടെല്‍ അവീവ്: ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാനെതിരായ സൈനിക നീക്കത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഖമനയിയുടെ തന്നെ പാത പിന്തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും രംഗത്തെത്തി. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സായുധസേന ആക്രമണം ശക്തമാക്കുമെന്ന് മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും. ഖമനയിയുടെ രക്തം വെറുതെയാകില്ലെന്നും പകരം വീട്ടുമെന്നും മസൂദ് പെഷസ്‌കിയാന്‍ പറഞ്ഞു. അതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ആക്രമിച്ചെന്ന വാദവുമായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് രംഗത്തെത്തി. എന്നാല്‍ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകള്‍ക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു.