സമാധാന നീക്കങ്ങൾ ഒരു വശത്ത്; ഡ്രോൺ ആക്രമണങ്ങളുമായി യുദ്ധം തുടരുന്നു
ട്രംപിന്റെ സമാധാന പദ്ധതിക്ക് വേണ്ടിയുള്ള സമ്മർദ്ദം ശക്തമാകുന്നതിനിടയിലും യുക്രൈനും റഷ്യയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി 28 ഇന സമാധാന പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴും അതിർത്തിയിലും നഗരങ്ങളിലും സൈനികാക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്.
ട്രംപിൻ്റെ സമാധാന പദ്ധതിക്കെതിരെ യുക്രൈനിലും യൂറോപ്പിലും ശക്തമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പദ്ധതിയിൽ യുക്രൈൻ തങ്ങളുടെ ചില പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കണമെന്നും സൈന്യത്തിൻ്റെ വലിപ്പം കുറയ്ക്കണമെന്നും നാറ്റോ അംഗത്വം വേണ്ടെന്ന് വെക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും, യുക്രൈൻ തലസ്ഥാനമായ കൈവിലും റഷ്യൻ നഗരങ്ങൾക്ക് സമീപവും ഇരുപക്ഷവും ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.
അതിനിടെ, ട്രംപിൻ്റെ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി, യുക്രൈന് കൂടുതൽ അനുകൂലമായ നിലപാടുകൾ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങളും യുക്രൈൻ പ്രതിനിധികളും ചേർന്ന് നയതന്ത്ര ചർച്ചകൾ തുടരുകയാണ്. സമാധാനം ലക്ഷ്യമിട്ടുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാകുമ്പോഴും യുദ്ധമുഖത്ത് ആക്രമണങ്ങൾ നിലയ്ക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.