പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; 23 സൈനികർ കൊല്ലപ്പെട്ടു: 200-ൽ അധികം താലിബാൻ പോരാളികളെ വധിച്ചതായി പാകിസ്ഥാൻ സൈന്യം
Oct 12, 2025, 20:27 IST
പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലുകളിൽ 23 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. കൂടാതെ, താലിബാനും അനുബന്ധ ഭീകരരും ഉൾപ്പെടെ 200-ൽ അധികം പോരാളികളെ വധിച്ചതായും സൈന്യം അറിയിച്ചു.
അതിർത്തി കടന്നുള്ള ആക്രമണത്തിലൂടെ അഫ്ഗാൻ താലിബാനും തെഹ്‍രീകെ താലിബാൻ പാകിസ്ഥാനും (TTP) പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പാകിസ്ഥാൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും താലിബാൻ കേന്ദ്രങ്ങളിലും പരിശീലന ക്യാമ്പുകളിലും പ്രിസിഷൻ സ്ട്രൈക്കുകളും റെയ്ഡുകളും നടത്തുകയും ചെയ്തു.
അതേസമയം, സംഘർഷത്തിൽ 58 പാക് സൈനികരെ കൊലപ്പെടുത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി ലംഘനം ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.