{"vars":{"id": "89527:4990"}}

മധ്യസ്ഥതയ്ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ല; അമേരിക്കയുടെ പക്ഷം പിടിക്കുന്നുവെന്ന് ഇറാൻ

 

അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ അനുയോജ്യമായ രാജ്യമല്ലെന്ന് ഇറാനിയൻ പാർലമെന്റ് അംഗം. പ്രാദേശിക ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, പാകിസ്താന്റെ നിഷ്പക്ഷതയിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായി രംഗത്തെത്തിയത്.

പാകിസ്താൻ ഇറാൻ്റെ നല്ലൊരു സുഹൃത്തും അയൽരാജ്യവുമാണെങ്കിലും അമേരിക്കൻ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന അവർക്ക് മധ്യസ്ഥതയ്ക്കുള്ള വിശ്വാസ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ റെസായി പാകിസ്താനെ രൂക്ഷമായി വിമർശിച്ചു. അമേരിക്കയെ പരസ്യമായി വിമർശിക്കാൻ ഇസ്ലാമാബാദ് തയ്യാറല്ലെന്നും ലെബനൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടും പാകിസ്താൻ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. "ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, എപ്പോഴും ഒരു വശത്തേക്ക് മാത്രം ചാഞ്ഞുനിൽക്കുന്നവരാകരുത്," റെസായി പറഞ്ഞു.

അരാഗ്‌ചിയുടെ നയതന്ത്ര നീക്കങ്ങൾ

ഇറാനിയൻ എംപിയുടെ വിമർശനം പുറത്തുവരുന്നത് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്താനിൽ സന്ദർശനം നടത്തുന്നതിനിടെയാണ്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് അരാഗ്‌ചി ഇസ്ലാമാബാദിലെത്തിയത്. പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. ഇതിന് മുൻപ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒമാനിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അരാഗ്‌ചി പാകിസ്താനിലെത്തിയത്. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും മറ്റ് നയതന്ത്ര നീക്കങ്ങളുമായിരുന്നു ഒമാനിലെ പ്രധാന ചർച്ചാവിഷയം.

ന്യൂക്ലിയർ കരാറിന് പുറമെ ഹോർമുസ് കടലിടുക്കിനായി പുതിയ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുക, നഷ്ടപരിഹാരം ഉറപ്പാക്കുക, സൈനിക നടപടികൾ ഉണ്ടാകില്ലെന്ന ഗ്യാരണ്ടി നൽകുക, അമേരിക്കയുടെ സമുദ്ര നിയന്ത്രണങ്ങൾ നീക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്. പാകിസ്താൻ സന്ദർശനത്തിന് ശേഷം അരാഗ്‌ചി മോസ്കോയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.