തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ; പാക്കിസ്ഥാനിൽ റെഡ് അലർട്ട്
May 7, 2025, 15:09 IST
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് മറുപടി നൽകാൻ പാക് സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ. തിരിച്ചടി പാക് സൈന്യം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി ഇരിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. പാക് വ്യോമപാത പൂർണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചിട്ടുണ്ട്. നേരത്തെ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെ 1.05നാണ് പാക്കിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസദിന്റെ 14 കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 90 ഭീകരരെങ്കിലും ഒമ്പതിടങ്ങളിലായി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.