"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്
വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തേക്കാൾ കൂടുതൽ രാഷ്‌ട്രീയത്തിനാണ് സ്ഥാനം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. പക്ഷേ ട്രംപ് ഇനിയും സമാധാനക്കരാറുണ്ടാക്കുന്നതിനും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരും എന്നാണ് വൈറ്റ്ഹൗസ് വക്താവ് സ്റ്റീവൻ ച്യുങ് പ്രതികരിച്ചിരിക്കുന്നത്.
ട്രംപിനെപ്പോലെ മറ്റാരുമില്ല. ആഗ്രഹിച്ചാൽ പർവതങ്ങൾ പോലും നീക്കാൻ അദ്ദേഹത്തിനു കഴിയും എന്നും ച്യുങ് പറയുന്നു.
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കാനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രയത്നിച്ചിരുന്നു.
എന്നാൽ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് മരിയ കൊറിന മച്ചാഡോയാണ്ഇത്തവണത്തെ പുരസ്കാരം നേടിയത്. വിഷയത്തിൽ ട്രംപ് ഇനിയും പ്രതികരിച്ചിട്ടില്ല.