{"vars":{"id": "89527:4990"}}

പ്രിൻസ് ആൻഡ്രുവിന്റെ രാജപദവികൾ എടുത്തു കളയും; കൊട്ടാരത്തിൽ നിന്ന് പുറത്താക്കും
 

 

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ രാജപദവികൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സ്ഥാനപ്പേരുകളും പദവികളും നീക്കം ചെയ്യാനുള്ള ഔദ്യോഗിക നടപടികൾക്ക് ചാൾസ് രാജാവ് തുടക്കം കുറിച്ചതായി ബക്കിംഗ്ഹാം പാലസ് അറിയിച്ചു

ഇനി പ്രിൻസ് ആൻഡ്രു എന്ന സ്ഥാനപ്പേര് ഉണ്ടാകില്ല. പകരം ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നാകും അദ്ദേഹം അറിയപ്പെടുക. രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതിയും റദ്ദാക്കി. ആൻഡ്രു മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. അതേസമയം ആൻഡ്രുവിന്റെ മക്കളായ പ്രിൻസസ് യൂജിനിക്കും പ്രിൻസസ് ബിയാട്രിസിനും രാജപദവികൾ നിലനിർത്താം

എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. ആൻഡ്രുവിനെതിരെ ആരോപണമുന്നയിച്ച വിർജീനിയ ജിഫ്രേയുടെ മരണാനന്തര ഓർമക്കുറിപ്പായ നോബഡീസ് ഗേൾ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് വിവാദം ആളിപ്പടർന്നത്. കൗമാര കാലത്ത് തന്നെ ജിഫ്രി എപ്സ്റ്റീൻ ലൈംഗിക അടിമയാക്കി വെച്ചിരുന്നുവെന്നും ഈ സമയത്ത് ആൻഡ്രു രാജകുമാരൻ തന്നെ ബലാത്സംഗം ചെയ്തിരുന്നതായും വിർജീനിയ ജിേ്രഫ ആരോപിച്ചിരുന്നു.