കീവിൽ റഷ്യൻ ബാലസ്റ്റിക് മിസൈൽ ആക്രമണം; 14 മരണം: 27 പേർക്ക് പരിക്ക്
കീവ്: ഉക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും റഷ്യ നടത്തിയ ശക്തമായ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും 27 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്ൻ സൈനിക അധികൃതർ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തലസ്ഥാന നഗരിയെ നടുക്കിയ ആക്രമണം നടന്നത്. ഒരു മണിക്കൂറിലധികം നഗരത്തിൽ എയർ റൈഡ് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കീവിലെ ഒന്നിലധികം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിക്കുകയും വലിയ തോതിൽ തീപിടിത്തമുണ്ടാകുകയും ചെയ്തു. വാണിജ്യ സംഭരണശാലകൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ എന്നിവ തകർന്നതായി അടിയന്തര രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് ഉക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.