യുക്രെയ്നിൽ റഷ്യയുടെ അതിശക്തമായ രാത്രികാല മിസൈലാക്രമണം: ഒൻപത് മരണം: നിരവധി പേർക്ക് പരിക്ക്
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് പ്രധാന നഗരങ്ങളിലും റഷ്യ നടത്തിയ ശക്തമായ രാത്രികാല മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ജനവാസ മേഖലകളിലെ വൻകിട കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.
കീവിലെ വിവിധ ഭാഗങ്ങളിലായി ഒട്ടനവധി ജനവാസ കെട്ടിടങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകരുകയും ആളുകൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുകയുമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം അടിയന്തിരമായി പുരോഗമിക്കുകയാണെന്ന് യുക്രെയ്ൻ ദുരന്തനിവാരണ സേന അറിയിച്ചു.
വലിയൊരു ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുക്രെയ്ൻ നഗരങ്ങളെ നടുക്കിക്കൊണ്ട് റഷ്യൻ സൈന്യം തുടർച്ചയായി ബോംബ വർഷം നടത്തിയത്. ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് മെട്രോ സ്റ്റേഷനുകളിലും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുന്നത്.