കാനഡയിൽ ലാറ്റിൻ തെരുവുത്സവത്തിനിടെ വെടിവെപ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്; അക്രമിക്കായി തിരച്ചിൽ
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന പ്രശസ്തമായ ലാറ്റിൻ അമേരിക്കൻ തെരുവുത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ടൊറന്റോയിലെ സെന്റ് ക്ലെയർ അവന്യൂവിൽ നടന്ന ‘സൽസ ഓൺ സെന്റ് ക്ലെയർ’ (Salsa on St. Clair) എന്ന സാംസ്കാരിക ഉത്സവത്തിനിടെയാണ് അക്രമം നടന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റ ആറ് പേരിൽ രണ്ട് പേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
വെടിവെപ്പുണ്ടായതോടെ ഉത്സവത്തിനെത്തിയ ആയിരക്കണക്കിന് ആളുകൾ പരിഭ്രാന്തരായി ചിതറിയോടി. അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ജനങ്ങളോട് ഈ ഭാഗത്തേക്ക് വരുന്നത് ഒഴിവാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ടൊറന്റോയിലുണ്ടായ ഈ ക്രൂരമായ ആക്രമണത്തിൽ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് അടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.