സിംഗപ്പൂരിൻ്റെ അടുത്ത സമുദ്ര നിരീക്ഷണ വിമാനം ബോയിംഗ് P-8 പോസിഡോൺ; നാല് വിമാനങ്ങൾ വാങ്ങാൻ ധാരണയായി
സിംഗപ്പൂരിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ സമുദ്ര നിരീക്ഷണ വിമാനമായി ബോയിംഗ് P-8A പോസിഡോൺ തിരഞ്ഞെടുത്ത് സിംഗപ്പൂർ സർക്കാർ. ദശാബ്ദങ്ങളായി സേവനത്തിലുള്ള ഫോക്കർ 50 വിമാനങ്ങൾക്ക് പകരമായാണ് P-8A പോസിഡോൺ എത്തുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ നാല് വിമാനങ്ങൾ വാങ്ങാൻ സിംഗപ്പൂർ തീരുമാനിച്ചു.
ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി പെൻ്റഗണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സിംഗപ്പൂർ പ്രതിരോധ മന്ത്രി ചാൻ ചുൻ സിംഗ് ഈ തീരുമാനം അറിയിച്ചത്. "സിംഗപ്പൂരിൻ്റെ സമുദ്ര നിരീക്ഷണ ശേഷിയും അന്തർവാഹിനി വിരുദ്ധ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ ഈ നീക്കം സഹായിക്കും," അദ്ദേഹം പറഞ്ഞു.
ബോയിംഗ് 737-800 യാത്രാവിമാനത്തിൻ്റെ പരിഷ്കരിച്ച പതിപ്പാണ് P-8A പോസിഡോൺ. അന്തർവാഹിനി വിരുദ്ധ യുദ്ധം, ഉപരിതല യുദ്ധം, രഹസ്യാന്വേഷണം, നിരീക്ഷണം, റീകോണൈസൻസ് (ISR) തുടങ്ങിയ ദൗത്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ വിമാനത്തിന്, 41,000 അടി വരെ ഉയരത്തിൽ പറക്കാനും മണിക്കൂറിൽ 900 കിലോമീറ്ററിൽ അധികം വേഗത കൈവരിക്കാനും സാധിക്കും.
പുതിയ കരാർ സിംഗപ്പൂരിൻ്റെ പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയ, യുഎസ്, യുകെ, ഇന്ത്യ, നോർവേ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ നാവികസേനകളും ഇപ്പോൾ P-8A പോസിഡോൺ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക സെൻസറുകളും റഡാറുകളും സമുദ്രത്തിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണികളെ തിരിച്ചറിയാൻ ഈ വിമാനത്തിന് സഹായകമാകും. സിംഗപ്പൂരിൻ്റെ സമുദ്ര വ്യാപാര മാർഗങ്ങളെ സംരക്ഷിക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ നീക്കം നിർണായക പങ്കുവഹിക്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.