{"vars":{"id": "89527:4990"}}

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട്; വിമാന സർവീസുകൾ അടക്കം നിലച്ചു
 

 

അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഇന്റർനെറ്റ് ബ്ലാക്ക് ഔട്ട്. രാജ്യത്ത് ഫൈബർ ഒപ്റ്റിക് സേവനങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടു. ഇന്റർനെറ്റ് സേവനങ്ങൾ അധാർമികമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ നടപടി. രാജ്യവ്യാപകമായി മൊബൈൽ ഫോൺ സർവീസുകൾ തകരാറിലായി. കാബൂളിൽ നിന്നുള്ള വിമാന സർവീസുകളും തകരാറിലായി. ജനങ്ങൾക്ക് പുറംലോകവുമായുള്ള ആശയവിനിമയം തടസ്സപ്പെട്ടു. 


കാബൂളിലെ തങ്ങളുടെ ബ്യൂറോ ഓഫിസുകളുമായുള്ള ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കില്ലെന്ന് താലിബാൻ പ്രതിനിധി പറഞ്ഞതായി ബിബിസി റിപ്പോർട്ടിലുണ്ട്. ചൊവ്വാഴ്ച കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ടിരുന്ന എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്


ഇന്നലെ തന്നെ ബാങ്കിംഗ് സേവനങ്ങളിലും ടെലിഫോൺ സേവനങ്ങളിലും തടസങ്ങൾ നേരിട്ടു തുടങ്ങിയതായി കാബൂളിലെ ജനങ്ങൾ പറയുന്നു. പല പ്രദേശങ്ങളിലും ആഴ്ചകളായി ഇന്റർനെറ്റ് വളരെ വേഗത കുറഞ്ഞാണ് ലഭിച്ചുവന്നിരുന്നത്.