{"vars":{"id": "89527:4990"}}

പരിധിയില്ലാത്ത സാധ്യതകൾക്ക് ചർച്ചകൾ വഴിയൊരുക്കും: ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് മോദി
 

 

തീരുവ തർക്കങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്ത കുറിപ്പ് എക്‌സിൽ പങ്കുവച്ചാണ് മോദിയുടെ പ്രതികരണം. 

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പ്രതികരിച്ചു. 


ചർച്ചകൾ എത്രയും വേഗം ഫലവത്താകാൻ പ്രവർത്തിച്ച് വരികയാണ്. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങൾക്ക് സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കുറിപ്പിൽ മോദി പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ കുറിപ്പ്.