{"vars":{"id": "89527:4990"}}

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ കുടുങ്ങിയിട്ട് 4 നാള്‍: വലഞ്ഞ് യാത്രക്കാർ

 
ഫുക്കെറ്റ്: സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ 100-ൽ അധികം യാത്രക്കാരുമായി 4 ദിവസമായി കുടുങ്ങി കിടക്കുന്നു. നവംബർ 16-ന് തായ്‌ലന്‍ഡിലെ ഫുക്കെറ്റ് വിമാന താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നെത്തേണ്ട വിമാനമാണ് കുടുങ്ങി കിടക്കുന്നത്. ‌സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ആറുമണിക്കൂർ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കാത്തുനിന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കി. തുടർന്ന് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിച്ചു. കുറച്ച് സമയങ്ങൾക്ക് ശേഷം വീണ്ടും സാങ്കേതിക തകരാർ മാറിയെന്നറിയിച്ച് യാത്രക്കാരെ വിമാനത്തിൽ കയറ്റി യാത്ര ആരംഭിക്കുകയായിരുന്നു. എന്നാൽ 2 മണിക്കൂർ യാത്ര ചെയ്ത ശേഷം വീണ്ടും സാങ്കേതിക തകരാർ ചൂണ്ടി കാട്ടി വിമാനം ഫുക്കെറ്റിൽ തന്നെ ഇറക്കുകയായിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേഃദം പ്രകടിപ്പിച്ചിരുന്നു. ഹോട്ടൽ താമസവും ഭക്ഷണവും ഉൾപ്പെടെ എല്ലാ ഓൺ ഗ്രൗണ്ട് സഹായവും യാത്രക്കാർക്ക് നൽകിയതായി അറിയിച്ചു. നവംബർ 16 ന് രാത്രിയാണ് വിമാനം ഡൽഹിയിലേക്ക് പറന്നുയരേണ്ടിയിരുന്നത്. എയർലൈൻ പ്രതിനിധികളിൽ നിന്ന് യാത്രക്കാർക്ക് തൃപ്തികരമായ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നുണ്ട്.