{"vars":{"id": "89527:4990"}}

ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം 16 ആയി; ഓസ്‌ട്രേലിയൻ ഭരണകൂടത്തിനെതിരെ ഇസ്രായേൽ
 

 

ഓസ്ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. പരുക്കേറ്റ 40 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേർ ചേർന്ന് 50 തവണ വെടിയുതിർത്തു.

ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിൽ ഓസ്‌ട്രേലിയൻ ഭരണകൂടത്തെ വിമർശിച്ച് ഇസ്രയേൽ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്‌ട്രേലിയൻ ഭരണകൂടം മുന്നറിയിപ്പുകൾ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തൽ.

അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന അക്രമിയെയാണ് പോലീസ് തിരിച്ചറിഞ്ഞത്. നവീദ് അക്രം പാക്കിസ്ഥാൻ സ്വദേശിയാണ്. 24 വയസ് മാത്രമാണ് നവീദിന്റെ പ്രായം. ഇതിനിടെ നിരായുധനായ വ്യക്തി തോക്കുധാരിയെ ആക്രമിച്ച് കീഴടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.