പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസ്;മുൻ ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോലിന് അഞ്ച് വർഷം തടവ്
സിയോൾ: 2024 ഡിസംബറിൽ പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോലിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. പട്ടാള നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തി, ഔദ്യോഗിക രേഖകൾ കെട്ടിച്ചമച്ചു, പട്ടാള നിയമം നടപ്പാക്കാൻ ആവശ്യമായ നിയമ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് യൂനിനെതിരെ ചുമത്തിയിരുന്നത്. ഇവയിൽ യൂൻ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിൽ യൂൻ പരാജയപ്പെട്ടുവെന്നാണ് ജഡ്ജി ബെയ്ക് ഡേ-ഹ്യുൻ പറഞ്ഞത്. എല്ലാറ്റിനുമുപരി, പ്രസിഡന്റ് എന്ന നിലയിൽ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനും നിയമവാഴ്ച പാലിക്കുന്നതിനും കടമ ഉണ്ടായിരുന്നിട്ടും, പ്രതി ഭരണഘടനയെ അവഗണിക്കുന്ന ഒരു മനോഭാവം പ്രകടിപ്പിച്ചു എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. വിധിക്കെതിരെ ഏഴു ദിവസത്തിനകം യൂനിന് അപ്പീൽ നൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് യൂനിൻ്റെ അഭിഭാഷകർ വ്യക്തമാക്കുന്നത്. രാഷ്ട്രീയവൽക്കരിച്ച തീരുമാനം എന്നാണ് യൂനിൻ്റെ അഭിഭാഷകർ വിധിയെ വിശേഷിപ്പിച്ചത്.
പട്ടാള നിയമം ഏർപ്പെടുത്താൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നേരിടുന്ന യൂനിൻ്റെ പേരിൽ ആദ്യത്തെ കോടതി വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ യൂനിൻ്റെ അനുയായികൾ കോടതിക്ക് പുറത്ത് തടിച്ചുകൂടിയതായും വിധിയിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കാൻ മുദ്രാവാക്യം വിളിച്ചതായുമാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ പട്ടാളനിയമം ഏർപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ യൂനിനെ ഇംപീച്ച് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നായിരുന്നു യൂനിൻ്റെ വാദം. പ്രസിഡന്റ് എന്ന നിലയിൽ പട്ടാള നിയമം പ്രഖ്യാപിക്കുന്നത് തന്റെ അധികാര പരിധിയിലുള്ള വിഷയമാണെന്നും പ്രതിപക്ഷ പാർട്ടികൾ സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലുള്ള മുന്നറിയിപ്പ് എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്നായിരുന്നു കോടതിയിൽ യൂനിൻ്റെ വാദം.
നേരത്തെ പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പാർലമെൻ്റ് ഇംപീച്ച് ചെയ്തെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനത്തിന് കാത്ത് സ്ഥാനം ഒഴിയാതിരുന്ന യോനിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ കലാപം നടത്തിയെന്ന് ആരോപിച്ചായിരുന്നു ദക്ഷിണകൊറിയൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. 300 എംപിമാരിൽ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേർ വോട്ട് ചെയ്തപ്പോൾ 85 പേർ എതിർത്തു. മൂന്ന് എംപിമാർ വിട്ടുനിന്നപ്പോൾ എട്ടു വോട്ടുകൾ അസാധുവാകുയായിരുന്നു. ഇതിന് പിന്നാലെയാണ് യൂനിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടതും പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതും.
2024 ഡിസംബർ മൂന്നിനായിരുന്നു യൂൻ ദക്ഷിണ കൊറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ രാജ്യത്ത് ഉയർന്ന കടുത്ത എതിർപ്പിനെത്തുടർന്ന് ആറ് മണിക്കൂറിനുള്ളിൽ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.