സർക്കാർ ചെലവിനുള്ള ധന ബിൽ പാസാക്കിയില്ല; അമേരിക്ക ഷട്ട് ഡൗണിലേക്ക്
Oct 1, 2025, 08:31 IST
സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. അഞ്ച് ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ് രിപ്പോർട്ടുകൾ
ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിൽ അവസാന വട്ട വോട്ടെടുപ്പിലും റിപബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിൽ സമവായത്തിൽ എത്തിയില്ല. നിർത്തലാക്കിയ ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു
എന്നാൽ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിച്ചു. ഇതോടെയാണ് അഞ്ച് ലക്ഷം സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ലാതെ താത്കാലിക അവധിയിൽ പോകേണ്ടി വരുന്ന സ്ഥിതിയുണ്ടാകുന്നത്. താത്കാലിക അവധിയിൽ പോകുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപിന്റെ ഭീഷണിയുമുണ്ട്.