ഗാസ യുദ്ധം 'അവസാനിച്ചു'; 20 ജീവനുള്ള ബന്ദികളെ ഇന്ന് രാവിലെ മുതൽ വിട്ടയക്കുമെന്ന് ട്രംപ്
ഇസ്രായേൽ-ഹമാസ് സംഘർഷം അവസാനിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തി. 'യുദ്ധം അവസാനിച്ചു' എന്ന് പ്രഖ്യാപിച്ച ട്രംപ്, ഹമാസിന്റെ തടവിലുള്ള 20 ജീവനുള്ള ബന്ദികളെ ഇന്ന് (തിങ്കളാഴ്ച) രാവിലെ 8 മണി മുതൽ വിട്ടയക്കുമെന്നും അറിയിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലും ഹമാസും തമ്മിൽ നടന്ന വെടിനിർത്തൽ കരാർ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ബന്ദികളെ വിട്ടയക്കുന്ന ചടങ്ങിനായി താൻ ഈജിപ്തിലേക്ക് പോകാൻ ശ്രമിക്കുമെന്നും ട്രംപ് അറിയിച്ചു.
ബന്ദികളെ വിട്ടയക്കുന്ന ആദ്യഘട്ട കരാറിന് ഇസ്രായേലും ഹമാസും അംഗീകാരം നൽകിയതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഈ കരാർ മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരാറിലെ തുടർ നടപടികളെക്കുറിച്ചും ഗാസയുടെ ദീർഘകാല ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും കൂടുതൽ വ്യക്തത വരാനുണ്ട്.