യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണം; മോസ്കോ എണ്ണ ശുദ്ധീകരണ ശാല തകർത്ത് ഉക്രൈൻ ഡ്രോണുകൾ
മോസ്കോ: റഷ്യക്കെതിരെയുള്ള യുദ്ധം ആരംഭിച്ച് നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വ്യോമാക്രമണവുമായി ഉക്രൈൻ. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് (Oil Refinery) നേരെയാണ് ഉക്രൈൻ വൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് റിഫൈനറിയിൽ വൻ തീപിടുത്തമുണ്ടാവുകയും മോസ്കോ നഗരത്തിന് മുകളിൽ കറുത്ത പുകപടലങ്ങൾ ഉയരുകയും ചെയ്തു.
മോസ്കോ നഗരത്തിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും നൽകുന്ന കാപോത്ന്യയിലെ (Kapotnya) പ്രമുഖ എണ്ണ നിലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മോസ്കോ ലക്ഷ്യമാക്കി വന്ന ഇരുനൂറോളം ഡ്രോണുകൾ ഉൾപ്പെടെ രാജ്യത്താകെ 555 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുമ്പോഴും, ചില ഡ്രോണുകൾ പ്രതിരോധം ഭേദിച്ച് റിഫൈനറിയിൽ പതിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി മോസ്കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യേണ്ടി വന്നു. കൂടാതെ നഗരത്തിലെ റിങ് റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. പ്രദേശത്തെ ജനവാസ മേഖലകളിലും മാളുകളിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആളപായമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ നഗരങ്ങൾക്കും ജനങ്ങൾക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്നും, ഉക്രൈൻ കത്തുകയാണെങ്കിൽ മോസ്കോയും കത്തുമെന്നും ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പ്രതികരിച്ചു. റഷ്യയുടെ യുദ്ധ സാമ്പത്തിക വ്യവസ്ഥയെയും ഇന്ധന വിതരണത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉക്രൈൻ അടുത്തിടെയായി റഷ്യൻ റിഫൈനറികൾക്ക് നേരെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.