പാകിസ്താനിൽ ജന്മദിനാഘോഷത്തിനിടെ മൂന്നുനില വീട് തകർന്നു വീണു; ഒരു കുടുംബത്തിലെ 11 പേർ മരിച്ചു
ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിൽ ജന്മദിനാഘോഷത്തിനിടെ മൂന്നുനില കെട്ടിടം തകർന്നു വീണ് കുട്ടികളും സ്ത്രീകളും അടക്കം ഒരു കുടുംബത്തിലെ 11 പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ലാഹോറിലെ ഭാഗ്ബാൻപുരയിലാണ് (ഹർബൻസ്പുര) ദുരന്തമുണ്ടായത്.
മൂന്ന് സഹോദരന്മാരും അവരുടെ കുടുംബങ്ങളും താമസിച്ചിരുന്ന വീടാണിത്. കുട്ടിക്ക് ജന്മദിനാഘോഷമൊരുക്കാൻ ഇവരുടെ സഹോദരിയും മക്കളും വീട്ടിലെത്തിയിരുന്നു. ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം പൂർണ്ണമായും നിലംപൊത്തിയത്. ഇരുപതോളം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു.
തുടർച്ചയായി പെയ്യുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 മൃതദേഹങ്ങൾ പുറത്തെടുത്തു. പരിക്കേറ്റ ആറുപേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് തീവ്ര ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. സംഭവത്തിൽ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.