നാട്ടിലേക്കുള്ള മടക്കയാത്ര ദുരന്തം; ഒമാനിൽനിന്നെത്തിയ പ്രവാസിക്ക് നഷ്ടമായത് ഏഴ് കുടുംബാംഗങ്ങളെ
Aug 6, 2025, 21:34 IST
ധാക്ക: വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഒമാൻ പ്രവാസി ബഹാർ ഉദിൻ്റെ സന്തോഷം മണിക്കൂറുകൾക്കുള്ളിൽ ദുരന്തമായി മാറി. തന്നെ സ്വീകരിക്കാൻ എത്തിയ കുടുംബാംഗങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഭാര്യയും മകളും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ബംഗ്ലാദേശിലെ നോഹഖലിയിലാണ് ദാരുണമായ സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ബഹാർ ഉദിൻ ഒമാനിൽ നിന്ന് ബംഗ്ലാദേശിലെത്തിയത്. ഇദ്ദേഹത്തെ സ്വീകരിക്കാനായി ഭാര്യയും അമ്മയും മകളുമടക്കം 12 കുടുംബാംഗങ്ങൾ ധാക്ക വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽ നിന്ന് നോഹഖലിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച മൈക്രോബസ് നിയന്ത്രണം വിട്ട് റോഡരികിലെ കനാലിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ 5:40-ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബഹാറിൻ്റെ ഭാര്യ കവിത (22), രണ്ടുവയസ്സുകാരി മകൾ മിം അക്തർ, അമ്മ മുർഷിദ ബീഗം (50), മാതൃ മുത്തശ്ശി ഫൈസുനസ്സാ (60), സഹോദര ഭാര്യ ലബോണി അക്തർ (25), ഇവരുടെ മക്കളായ ലാമിയ (8), രേഷ്മ (9) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിന്ന് ബഹാർ ഉദിനും മറ്റു ചിലരും രക്ഷപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് ബഹാർ ഉദിൻ ആരോപിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനം കനാലിലേക്ക് മറിയാൻ കാരണമായതെന്ന് അദ്ദേഹം പറയുന്നു. അപകടം നടന്നയുടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടെന്നും, വാതിൽ തുറന്നുനൽകിയിരുന്നെങ്കിൽ മറ്റുള്ളവർ രക്ഷപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏറെക്കാലത്തിനുശേഷം നാട്ടിലെത്തിയ പ്രവാസിയുടെ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ കണ്ണീരായി മാറിയതിൻ്റെ ദുഃഖത്തിലാണ് നാട്ടുകാർ.