പാകിസ്താനിലെ ബലൂചിസ്താനിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ സ്ഫോടനത്തെ തുടർന്ന് ട്രെയിൻ പാളം തെറ്റി. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഇന്ന് രാവിലെ പെഷവാറിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബലൂചിസ്താനിലെ മസ്തുങ് ജില്ലയിലുള്ള ദഷ്ത് മേഖലയിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റുകയും അതിലൊരെണ്ണം പൂർണമായി മറിയുകയും ചെയ്തു.
അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ബലൂചിസ്താൻ ആരോഗ്യവകുപ്പും ക്വറ്റ സിവിൽ ആശുപത്രിയും സംയുക്തമായി അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ല.
റെയിൽവേ ട്രാക്കിന് വലിയ നാശനഷ്ടമുണ്ടായതിനാൽ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ പാകിസ്താൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി അന്വേഷണത്തിന് ഉത്തരവിട്ടു.
ബലൂചിസ്താൻ പ്രവിശ്യയിൽ നേരത്തെയും ട്രെയിനുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ജാഫർ എക്സ്പ്രസിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ന് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലത്ത് സുരക്ഷാ സേനയും രക്ഷാപ്രവർത്തകരും നിലയുറപ്പിച്ചിട്ടുണ്ട്.