{"vars":{"id": "89527:4990"}}

പാലം തകര്‍ന്ന പാളത്തിലേക്ക് റഷ്യയില്‍ ട്രെയിന്‍; അപകടത്തില്‍ ഏഴ് മരണം: നിരവധിപേര്‍ക്ക് പരിക്ക്

 
മോസ്‌കോ: റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് മരണം. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. മോസ്‌കോയില്‍ നിന്നും ക്ലിമോവിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ശനിയാഴ്ച അര്‍ധരാത്രി റഷ്യയിലെ വൈഗോണിച്‌സ്‌കിയിലാണ് അപകടം. യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഗതാഗത നിയന്ത്രണത്തിലെ നിയമവിരുദ്ധമായ ഇടപെടലാണ് ബ്രിഡ്ജ് തകരാന്‍ കാരണമായതെന്ന് റഷ്യ കുറ്റപ്പെടുത്തി. അപകടത്തില്‍ ലോക്കോപൈലറ്റും മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം പ്രതികരിച്ചു. തകര്‍ന്ന പാലത്തില്‍ നിന്നുള്ള കോണ്‍ഗ്രീറ്റിന് ഇടയില്‍ ട്രെയിനിന്റെ ബോഗികൾ പിളര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. പാലം തകരുന്നതിന് തൊട്ടുമുമ്പ് പാലത്തിലേക്ക് കയറുന്നതില്‍ നിന്നും കഷ്ടി രക്ഷപ്പെട്ട വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയതെന്ന് കരുതുന്നതാണ് മറ്റു ചിത്രങ്ങളും വീഡിയോകളും. ക്ലിമോവോ പട്ടണത്തില്‍ നിന്ന് മോസ്‌കോയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്‌സ്‌കി ജില്ലയിലെ ഒരു ഫെഡറല്‍ ഹൈവേയ്ക്കടുത്തുള്ള തകര്‍ന്ന പാലത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് റഷ്യന്‍ റെയില്‍വേ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും പ്രതികരിച്ചു.