പാകിസ്താനിൽ പരിശീലന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താൻ വ്യോമസേനയുടെ (PAF) പരിശീലന വിമാനം തകർന്നുവീണ് രണ്ട് സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള മർദാൻ ജില്ലയിലാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു ദുരന്തം.
വ്യോമസേനയിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് ഖാസിം അബ്ദുള്ള, പാകിസ്താൻ നേവിയിലെ ലെഫ്റ്റനന്റ് താഹ അബ്ബാസി എന്നിവരാണ് അപകടത്തിൽ വീരമൃത്യു വരിച്ചത്. വിമാനം ജനവാസമേഖലയിലാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടത്തിൽ നിലത്തുണ്ടായിരുന്ന മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വ്യോമസേനാ ആസ്ഥാനം പ്രത്യേക അന്വേഷണ സമിതിയെ (ബോർഡ് ഓഫ് ഇൻക്വയറി) നിയോഗിച്ചു. അപകടത്തിൽ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവർ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും പൈലറ്റുമാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുള്ളിൽ പാകിസ്താനിൽ നടക്കുന്ന രണ്ടാമത്തെ വലിയ സൈനിക വിമാനാപകടമാണിത്. കഴിഞ്ഞ വാരം മുസാഫറാബാദിൽ പാക് സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് അപകടമുണ്ടായിരുന്നു.