{"vars":{"id": "89527:4990"}}

യുക്രെയ്ന് സ്വന്തമായി പേട്രിയറ്റ് മിസൈലുകൾ നിർമ്മിക്കാൻ അനുമതി നൽകുമെന്ന് ട്രംപ്; സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രഖ്യാപനം

 

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്ന് വൻ പ്രതിരോധ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്യാധുനിക 'പേട്രിയറ്റ്' (Patriot) മിസൈലുകൾ സ്വന്തമായി നിർമ്മിക്കാനുള്ള ലൈസൻസ് യുക്രെയ്ന് നൽകാൻ അമേരിക്ക തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ നിർണായക പ്രഖ്യാപനം.

​"പേട്രിയറ്റ് മിസൈലുകൾ നിർമ്മിക്കാനുള്ള അവകാശം ഞങ്ങൾ യുക്രെയ്ന് നൽകും. അത് എങ്ങനെ നിർമ്മിക്കണമെന്ന് അവർക്ക് കാണിച്ചുകൊടുക്കും. ഇതിലൂടെ മിസൈലുകൾ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി യുക്രെയ്ന് ഒഴിവാക്കാം, അവർക്ക് ഇത് സ്വയം നിർമ്മിക്കാം," ട്രംപ് വ്യക്തമാക്കി. മിസൈൽ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി ഇത് സംബന്ധിച്ച് ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെങ്കിലും അവർ ഇതിനോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​റഷ്യയുടെ കടുത്ത ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കൻ നിർമ്മിത പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ വേണമെന്ന് സെലൻസ്കി ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. അടുത്തിടെയായി യുക്രെയ്നിലെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കുറവ് മുതലെടുത്ത് റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുക്രെയ്ന് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനം അമേരിക്കയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. യുക്രെയ്നിൽ തന്നെ മിസൈലുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാൻ യുഎസ് സംഘം ഉടൻ രാജ്യം സന്ദർശിക്കുമെന്നാണ് സൂചന.

​യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ഒരുപോലെ കഠിനമായ നിലപാടുകളുള്ളവരാണെങ്കിലും ഇരുപക്ഷവും യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.