{"vars":{"id": "89527:4990"}}

ട്രംപിന് വൻ സ്വീകരണം; നേരിട്ടെത്തി സ്വീകരിച്ച് നെതന്യാഹു: ടെൽ അവിവ് ബീച്ചിൽ 'നന്ദി ട്രംപ്' ബാനർ

 

ഗാസയിലെ യുദ്ധ സമാധാനത്തിന് പിന്നാലെ ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വൻ സ്വീകരണം ഒരുക്കി ഇരയേൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിനെ സ്വീകരിച്ചത്.

ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായാണ് ഡോണൾഡ് ട്രംപ് ഇസ്രയേലിലെത്തിയത്. ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രയേൽ പാർലമെന്റിനെ ട്രംപ് അഭിസംബോധന ചെയ്യും. ബന്ദികളുടെ കുടുംബങ്ങളെയും ട്രംപ് സന്ദർശിക്കും. അതിനുശേഷം ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ട്രംപ് ഈജിപ്തിലേക്ക് യാത്ര തിരിക്കും.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേതൃത്വം വഹിക്കുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.