ആയുധ വിപണിയിലേക്ക് ട്രംപിന്റെ മക്കൾ; ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുമായി ചർച്ചകൾ സജീവമാക്കി
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്നതിനിടെ ആഗോള ആയുധ വിപണിയിൽ സ്വാധീനമുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മക്കൾ നീക്കം തുടങ്ങുന്നു. എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും പിന്തുണ നൽകുന്ന ‘പവർസ്’ (Powerus) എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ട്രംപിന്റെ മക്കൾക്ക് വലിയ തോതിലുള്ള ഓഹരി പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും ഭീഷണികളെയും ചെറുക്കാൻ തങ്ങളുടെ അത്യാധുനിക പ്രതിരോധ ഡ്രോൺ ഇന്റർസെപ്റ്ററുകൾക്ക് സാധിക്കുമെന്ന് കാണിച്ചാണ് പവർസ് ഗൾഫ് മേഖലയിൽ വിപണനം നടത്തുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇതിനോടകം ഡ്രോണുകളുടെ പ്രദർശനം ആരംഭിച്ചതായും വിൽപ്പന ചർച്ചകൾ പുരോഗമിക്കുന്നതായും കമ്പനി സഹസ്ഥാപകൻ ബ്രെറ്റ് വെലിക്കോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രംപ് കുടുംബത്തിന്റെ ഈ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള ധാർമ്മിക വിമർശനങ്ങളും ഉയരുന്നുണ്ട്. യുദ്ധ സാഹചര്യങ്ങളിൽ നിന്ന് സാമ്പത്തിക ലാഭം കൊയ്യാൻ ശ്രമിക്കുന്ന ആദ്യത്തെ പ്രസിഡന്റ് കുടുംബമായിരിക്കും ഇതെന്ന് മുൻ വൈറ്റ് ഹൗസ് എത്തിക്സ് അഭിഭാഷകൻ റിച്ചാർഡ് പെയിന്റർ വിമർശിച്ചു. അധികാരത്തിന്റെ മറവിൽ ആയുധക്കച്ചവടം നടത്തുന്നതിലെ ചട്ടലംഘനങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്
ഇറാനെതിരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങൾ ആഗോള വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. യുദ്ധഭീതിയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. നിലവിൽ ബാരലിന് 111.54 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. മേഖലയിലെ അസ്ഥിരത വരും ദിവസങ്ങളിലും വിപണിയിൽ പ്രതിഫലിക്കുമെന്നാണ് സൂചന.