സിയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെ വെടിവെപ്പ്: രണ്ടു മരണം; കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ സിയാറ്റിൽ സെന്ററിൽ നടന്ന പ്രശസ്തമായ 'ബൈറ്റ് ഓഫ് സിയാറ്റിൽ' (Bite of Seattle) ഭക്ഷ്യമേളയ്ക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.
ഏഴ് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടതായി സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ മേളയിൽ പെട്ടെന്നുണ്ടായ വെടിവെപ്പ് വലിയ ഭീതി പരത്തി. ആളുകൾ സാധനങ്ങൾ ഉപേക്ഷിച്ച് ജീവനും കൊണ്ട് ചിതറിയോടുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് സിയാറ്റിൽ പോലീസ് പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ആളുകളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് നിർദേശിക്കുകയും ചെയ്തു. വൻ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമിയെക്കുറിച്ചോ വെടിവെപ്പിനുള്ള കാരണത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.