{"vars":{"id": "89527:4990"}}

ഫിലിപ്പൈൻസിൽ കനത്ത നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്; മരണസംഖ്യ 66 ആയി ഉയർന്നു
 

 

മധ്യ ഫിലിപ്പൈൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരണസംഖ്യ 66 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ആളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങി. 
നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപ്പോയി. ചുഴലിക്കാറ്റിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലാണ് മരണമേറെയും സംഭവിച്ചത്.

നാലുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലഷാൻഡ്രോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ജനസാന്ദ്രത കൂടിയ ദ്വീപായ സെബുവിലെ നഗരങ്ങളും ജനവാസ മേഖലകളും വെള്ളത്തിനടിയിലായി

ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുകയാണ്. ആളുകൾ വീടുകളുടെ മേൽക്കൂരകളിൽ കഴിയുന്നതിന്റെയും വാഹനങ്ങൾ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സേനാ ഹെലികോപ്റ്ററുകൾ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.