ഇറാനെതിരെ രണ്ടാം രാത്രിയും യുഎസ് വ്യോമാക്രമണം; '20 മടങ്ങ് ശക്തമായി തിരിച്ചടിക്കുമെന്ന്' ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളെത്തുടർന്ന് വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക രണ്ടാം രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തി. യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിലാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പുതിയ ആക്രമണങ്ങൾ നടത്തിയത്.
ഇറാൻ ഇനിയും പ്രകോപനം തുടരുകയോ ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണക്കടത്ത് തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്താൽ മുൻപത്തേക്കാൾ '20 മടങ്ങ് ശക്തമായ തിരിച്ചടി' നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
ഇറാൻ എന്തെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് മുതിർന്നാൽ, അവർക്ക് ഇതുവരെ ലഭിച്ചതിനേക്കാൾ 20 മടങ്ങ് കടുത്ത പ്രഹരമായിരിക്കും അമേരിക്ക നൽകുക. അവരുടെ രാജ്യം ഇനി ഒരിക്കലും പഴയപടിയാക്കാൻ കഴിയാത്ത വിധം തകർക്കാൻ എളുപ്പമുള്ള കേന്ദ്രങ്ങളെയായിരിക്കും യുഎസ് ലക്ഷ്യമിടുക." ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സമ്പൂർണ്ണ യുദ്ധഭീതി നിഴലിക്കുകയാണ്. ഇറാന്റെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, ബുഷെഹർ തുടങ്ങിയ സ്ഥലങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും വിവരമുണ്ട്. നിലവിലെ സംഘർഷാവസ്ഥ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.