{"vars":{"id": "89527:4990"}}

ഇറാനിൽ യുഎസ് വ്യോമാക്രമണം ശക്തം; ഉപരോധം ലംഘിക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ അമേരിക്കൻ സൈന്യം തകർത്തു

 

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ കടുപ്പിച്ച് അമേരിക്ക. ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് തുടർച്ചയായി വ്യോമാക്രമണം നടത്തുന്നതിനിടയിൽ, അമേരിക്കൻ നാവിക ഉപരോധം ലംഘിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച വാണിജ്യ എണ്ണക്കപ്പൽ യുഎസ് സൈന്യം മിസൈലാക്രമണത്തിലൂടെ തകർത്തു (യാത്ര ചെയ്യാൻ കഴിയാത്ത വിധം പ്രവർത്തനരഹിതമാക്കി).

​യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കിയതനുസരിച്ച്, ക്യൂറക്കാവോയുടെ (Curaçao) പതാകയേന്തിയ 'എം/ടി ബെൽമ' (M/T Belma) എന്ന എണ്ണക്കപ്പലാണ് അമേരിക്കൻ യുദ്ധവിമാനം ആക്രമിച്ചത്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലേക്ക് (Kharg Island) അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ നീങ്ങുകയായിരുന്ന കപ്പലിന് യുഎസ് സൈന്യം പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ഉപരോധം ലംഘിക്കാൻ ശ്രമിച്ചതോടെയാണ് യുഎസ് വിമാനം കപ്പലിന്റെ പുകക്കുഴലിലേക്ക് (Smokestack) ഹെൽഫയർ മിസൈലുകൾ വർഷിച്ചത്. ആക്രമണത്തിൽ തകർന്ന കപ്പൽ ഇപ്പോൾ യാത്ര തുടരാനാകാത്ത വിധം കടലിൽ കിടക്കുകയാണെന്നും കപ്പലിൽ ചരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സൈന്യം അറിയിച്ചു.

​ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റൗണ്ട് വ്യോമാക്രമണങ്ങൾ നടത്തുന്നതെന്ന് അമേരിക്ക അറിയിച്ചു. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് അമേരിക്ക വീണ്ടും ഉപരോധം ശക്തമാക്കിയതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ട് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.