ഇറാനെതിരെ വ്യോമാക്രമണം ശക്തമാക്കി യുഎസ്; തന്ത്രപ്രധാനമായ തുറമുഖ കൺട്രോൾ ടവർ മിസൈലാക്രമണത്തിൽ തകർത്തു
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി വർദ്ധിപ്പിച്ചുകൊണ്ട് ഇറാന്റെ തന്ത്രപ്രധാനമായ തുറമുഖ നഗരങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യത്തിന്റെ അതിശക്തമായ മിസൈലാക്രമണം. ഇറാന്റെ പ്രധാന തുറമുഖ കൺട്രോൾ ടവർ യുഎസ് മിസൈലാക്രമണത്തിൽ പൂർണ്ണമായും തകർന്നതായാണ് റിപ്പോർട്ടുകൾ.
മേഖലയിലെ കപ്പൽ ഗതാഗതത്തെയും വ്യാപാര പാതകളെയും ഇറാന്റെ സൈനിക ശേഷിയെയും ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം കടുപ്പിച്ചിരിക്കുന്നത്. തുറമുഖ കൺട്രോൾ ടവറിന് പുറമെ സമീപത്തെ പാലങ്ങളും ഊർജ്ജ നിലയങ്ങളും യുഎസ് തകർത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന വ്യോമാക്രമണങ്ങളുടെ പരമ്പരയിൽ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷയെക്കുറിച്ച് ആഗോളതലത്തിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. യുഎസ് നീക്കത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) മുന്നറിയിപ്പ് നൽകി.