{"vars":{"id": "89527:4990"}}

യു ടേൺ അടിച്ച് യു.എസ്; ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്

ഹുർമുസിൽ യു.എസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്
 

വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക്  കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് യു ടേൺ അടിച്ച് യു.എസ്. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ യു.എസ് നാവിക സേന സജ്ജമല്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.

"ഉടൻ തന്നെ ഇത് സംഭവിക്കും, പക്ഷേ ഇപ്പോൾ സാധ്യമല്ല" -സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ റൈറ്റ് പറഞ്ഞു. യു.എസുമായുള്ള സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന്‌ ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെയാണ് ഹുർമുസിൽ യു.എസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.

ഇപ്പോൾ സാധ്യമല്ല. ഇറാന്റെ ആക്രമണ ശേഷിയും അതിന് ആവശ്യമായ സൈനിക ഉൽപാദന വ്യവസായവും നശിപ്പിക്കുന്നതിലുമാണ് നിലവിൽ യു.എസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ നേവി സജ്ജമാകുമെന്നും റൈറ്റ് അറിയിച്ചു. ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം റൈറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ യു.എസ് നാവിക സേന ഒരു ടാങ്കറിന് കടലിടുക്കിലൂടെ അകമ്പടി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. നിഷേധിച്ച് ഇറാൻ രംഗത്തുവന്നതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

റൈറ്റിന്‍റെ പോസ്റ്റിനു പിന്നാലെ എണ്ണവില കുറഞ്ഞിരുന്നു. ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനുനേരെ ആക്രമണം ആരംഭിച്ചതോടെയാണ് ഹുര്‍മുസ് കടിലുടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടഞ്ഞത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്.