മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന് നേരെ യുഎസ് ആക്രമണം; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി
വാഷിംഗ്ടൺ/ടെഹ്‌റാൻ: സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് നേരെ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഡ്രോൺ കേന്ദ്രങ്ങളും ബന്ദർ അബ്ബാസിലെ പ്രധാന സൈനിക താവളങ്ങളുമാണ് ഇത്തവണ അമേരിക്ക ലക്ഷ്യമിട്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മേഖലയിലെ സുരക്ഷ മുൻനിർത്തിയുള്ള പ്രതിരോധ നടപടിയുടെ ഭാഗമായാണ് ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. കൂടാതെ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് സേന നിരവധി ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, അമേരിക്കയുടേത് ഗുരുതരമായ വെടിനിർത്തൽ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാൻ ഭരണകൂടം, ഇതിന് തക്കതായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ നടന്നു വരികയായിരുന്നു. പുതിയ ആക്രമണങ്ങളോടെ മേഖലയിലെ സമാധാന ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.