ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി: ഇറാനെതിരെ തുടർച്ചയായ ഏഴാം രാത്രിയും യു.എസ് ആക്രമണം; തിരിച്ചടിച്ച് ഇറാനും
വാഷിംഗ്ടൺ / ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്കിനെ ചൊല്ലി യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക്. വെള്ളിയാഴ്ച രാത്രിയും ഇറാന് നേരെ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശക്തമായ വ്യോമാക്രമണം നടത്തി. തുടർച്ചയായ ഏഴാം രാത്രിയാണ് യുഎസ് ഇറാൻ ലക്ഷ്യമാക്കി ബോംബാക്രമണം നടത്തുന്നത്.
ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ദക്ഷിണ ഇറാന്റെ തീരമേഖലകളായ സിരിക്, അഹ്വാസ്, യസ്ദ്, ബന്ദർ അബ്ബാസ് എന്നീ നഗരങ്ങളിൽ യുഎസ് ബോംബുകൾ വർഷിച്ചു. തുറമുഖ ഗോപുരങ്ങളും തന്ത്രപ്രധാനമായ രണ്ട് വലിയ വലിയ പാലങ്ങളും റെയിൽവേ സ്റ്റേഷനുകളും ഈ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇറാന്റെ പവർ ഗ്രിഡുകൾക്ക് (വൈദ്യുതി നിലയങ്ങൾ) കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് രാജ്യത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതായും എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാൻ ഇറാന്റെ ഊർജ്ജ മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ശക്തമായ തിരിച്ചടി
യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാൻ വിപ്ലവ ഗാർഡും (IRGC) ശക്തമായ തിരിച്ചടി ആരംഭിച്ചു. കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും അയച്ചതായി സ്ഥിരീകരിച്ചു. ഖത്തറിലെ അൽ-ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെയും ഇറാൻ മിസൈൽ തൊടുത്തുവിട്ടെങ്കിലും ഖത്തർ സൈന്യം അത് ആകാശത്തുവെച്ച് തകർത്തു.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്. ചരക്കുകപ്പലുകൾ കടന്നുപോകുന്നത് ഇറാൻ തടയുകയും യുഎസ് നാവികസേന ഇറാൻ തുറമുഖങ്ങൾക്ക് ചുറ്റും കപ്പൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ആഗോള ഇന്ധന വിപണിയും കടുത്ത ആശങ്കയിലാണ്. ഫെബ്രുവരിയിൽ ആരംഭിച്ച ഈ യുദ്ധം കഴിഞ്ഞ മാസം ഉണ്ടായ താൽക്കാലിക വെടിനിർത്തൽ കരാറോടെ അവസാനിക്കുമെന്ന് കരുതിയെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.