{"vars":{"id": "89527:4990"}}

വര്‍ക്ക് ഫ്രം ഹോം ആരോഗ്യത്തിന് നല്ലതല്ലെന്ന് യുഎസ് പഠനം

 
വാഷിങ്ടണ്‍: കൊവിഡിന് ശേഷം ലോകം മുഴുവന്‍ വ്യാപിച്ച ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന വര്‍ക്ക് അറ്റ് ഹോം സംവിധാനം ആരോഗ്യത്തിന് നല്ലതല്ലെന്ന് യുഎസ് പഠനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ സാപിയന്‍ ലാബ്‌സാണ് വര്‍ക്ക് അറ്റ് ഹോമിന്റെ മാനസികാരോഗ്യകരമായ കാര്യങ്ങള്‍ പഠന വിധേയമാക്കിയത്. സ്വന്തം വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യുന്നവരെക്കാളും മോശമായ മാനസികാരോഗ്യമാണ് ഉണ്ടാവുകയെന്ന് പഠനം പറയുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 54,000 പേരേയാണ് പഠനത്തില്‍ പങ്കെടുപ്പിച്ചത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധവും ജോലിയിലെ ലക്ഷ്യബോധവും പ്രധാന പങ്കുവഹിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദുഃഖം, ഒറ്റപ്പെടല്‍, വേര്‍പിരിഞ്ഞു നില്‍ക്കുന്നതായുള്ള തോന്നല്‍ എന്നിവ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരില്‍ കൂടുതലായി അനുഭവപ്പെടുന്നു. സഹപ്രവര്‍ത്തകരുമായുള്ള നല്ല ബന്ധവും ജോലി ചെയ്യുന്നതിലെ അഭിമാന ബോധവും മാനസികക്ഷേമത്തിന് നിര്‍ണായകമായ ഘടകങ്ങളാണെന്നും ഗവേഷകര്‍ക്ക് പഠനത്തിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. ഓഫീസിലെത്തി ജോലി ചെയ്യുന്നതാണ് ജീവനക്കാരുടെ മെച്ചപ്പെട്ട മാനസികാരോഗ്യത്തിനും മികച്ച പ്രകടനത്തിനും നല്ലതെന്നുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പല സ്ഥാപനങ്ങളും വര്‍ക്ക് അറ്റ് ഹോം ഒഴിവാക്കിയിരുന്നു. വര്‍ക്ക് ഫ്രം ഹോം ജോലിക്കാരുടെ പ്രകടനത്തെ ദോഷകരമായി ബാധിക്കുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലേയും മിക്ക കമ്പനികളും ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.