{"vars":{"id": "89527:4990"}}

ഹോർമുസ് കടലിടുക്കിൽ യുഎസ് - ഇറാൻ ഏറ്റുമുട്ടൽ; വെടിനിർത്തലിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം

 

ഏപ്രിൽ 7-ന് നിലവിൽ വന്ന അതീവ ദുർബലമായ വെടിനിർത്തൽ കരാറിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റവും രൂക്ഷമായ സൈനിക ഏറ്റുമുട്ടൽ വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിൽ നടന്നു. ഹോർമുസ് കടലിടുക്കിന് സമീപം ഇരുപക്ഷവും പരസ്പരം വെടിയുതിർക്കുകയും ആക്രമണത്തിന് പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാനുള്ള നിർണ്ണായകമായ ഒരു സമാധാന നിർദ്ദേശം ഇറാൻ പരിഗണിച്ചുവരുന്നതിനിടെയാണ് ഈ പുതിയ വെല്ലുവിളി ഉണ്ടായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാന്റെ ആരോപണം

അതേസമയം, അമേരിക്കൻ വ്യോമാക്രമണത്തിൽ സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടതായി ഇറാൻ ആരോപിച്ചു. ഇറാൻ ഭൂപ്രദേശത്തിന് നേരെയും ഹോർമുസിലേക്ക് പ്രവേശിച്ച രണ്ട് കപ്പലുകൾക്ക് നേരെയും അമേരിക്ക ആക്രമണം നടത്തിയതായി ഇറാന്റെ സായുധ സേന വക്താവ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയത് മേഖലയിൽ വലിയ സൈനിക പ്രതിസന്ധിയുണ്ടാകുമോ എന്ന ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.

ട്രംപിന്റെ താക്കീത്

അമേരിക്കൻ സൈന്യം ഇറാനിയൻ ആക്രമണകാരികളെ തകർത്തു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ ഉടൻ തന്നെ ഒരു കരാറിലെത്താൻ തയ്യാറായില്ലെങ്കിൽ "ഞങ്ങൾ അവരെ കൂടുതൽ ശക്തമായും അക്രമാസക്തമായും നേരിടും" എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ തങ്ങളുമായി കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം തന്നെ വെടിനിർത്തൽ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു എബിസി റിപ്പോർട്ടറോട് സംസാരിക്കവേ ഈ ഏറ്റുമുട്ടലിനെ "ഇതൊരു ചെറിയ തട്ടുമുട്ടൽ (Love tap) മാത്രമാണ്" എന്ന് പറഞ്ഞ് അദ്ദേഹം നിസ്സാരവൽക്കരിക്കുകയും ചെയ്തു.

സമാധാന നീക്കങ്ങൾ തുടരുന്നു

ഏറ്റുമുട്ടലുകൾ നടന്നെങ്കിലും ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങാൻ താല്പര്യമില്ലെന്ന് വാഷിംഗ്ടണും ടെഹ്‌റാനും സൂചിപ്പിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് ഇറാൻ അധികൃതർ പിന്നീട് അറിയിച്ചു. യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനും ഗൾഫ് മേഖലയിൽ സ്ഥിരത കൊണ്ടുവരാനുമുള്ള മൂന്ന് ഘട്ടങ്ങളായുള്ള സമാധാന നിർദ്ദേശത്തിന് ഇറാൻ നൽകുന്ന മറുപടിക്കായി കാത്തിരിക്കുകയാണ് വാഷിംഗ്ടൺ.

ഔദ്യോഗികമായ വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ലഘൂകരിക്കൽ, 30 ദിവസത്തെ ചർച്ചകൾ എന്നിവയാണ് ഈ നിർദ്ദേശത്തിലുള്ളത്. എങ്കിലും, ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ യാത്ര ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ പ്രധാന ആവശ്യങ്ങൾ ഈ നിർദ്ദേശത്തിൽ ഉൾപ്പെട്ടിട്ടില്ല.

ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന പാതയായതിനാൽ ഇവിടുത്തെ അസ്ഥിരത ആഗോള വിപണിയെയും വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ട്. സമാധാന നിർദ്ദേശത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാന്റെ വിദേശകാര മന്ത്രാലയം വ്യക്തമാക്കി.