{"vars":{"id": "89527:4990"}}

യു.എസ്-ഇറാൻ മിസൈൽ ഏറ്റുമുട്ടൽ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; തകർന്ന് വെടിനിർത്തൽ കരാർ

 

അമേരിക്കയും ഇറാനും തമ്മിൽ ഗൾഫ് മേഖലയിൽ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ഏറ്റുമുട്ടൽ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ്റെ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ തിരിച്ചടി നൽകി. അയൽ രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈൻ എന്നിവടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ഏഴ് ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) സ്ഥിരീകരിച്ചു.

​ആക്രമണത്തെ തുടർന്ന് കുവൈറ്റിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇറാൻ തൊടുത്ത മിസൈലുകളിൽ ആറെണ്ണം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായും ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നും യു.എസ് അറിയിച്ചു. ബഹ്റൈനിലെ യു.എസ് അഞ്ചാം നാവികപ്പടയുടെ ആസ്ഥാനം തകർത്തെന്ന ഇറാൻ്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു.

​മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും ലംഘിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര എണ്ണക്കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാൻ്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ യു.എസ് നാവിക ഉപരോധം കർശനമാക്കിയതാണ് പുതിയ സംഘർഷങ്ങൾക്ക് കാരണമായത്. പുതിയ ആക്രമണങ്ങളോടെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.