{"vars":{"id": "89527:4990"}}

ബെൽഫാസ്റ്റിൽ കത്തിക്കുത്തിന് പിന്നാലെ വ്യാപക അക്രമം; തെരുവിൽ വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചു: കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തം

 

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിൽ യുവാവിന് നേരെയുണ്ടായ ക്രൂരമായ കത്തിക്കുത്തിന് പിന്നാലെ നഗരത്തിൽ വ്യാപകമായ കുടിയേറ്റ വിരുദ്ധ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മുഖംമൂടി ധരിച്ച നൂറുകണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി.

​കഴിഞ്ഞ തിങ്കളാഴ്ച രാത്രി വടക്കൻ ബെൽഫാസ്റ്റിലാണ് നടുക്കുന്ന കത്തിക്കുത്ത് സംഭവം ഉണ്ടായത്. നാൽപ്പത് വയസ്സുകാരനായ തദ്ദേശീയ യുവാവിനെ മുപ്പതുകാരനായ സുഡാൻ പൗരൻ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അക്രമിയെ നാട്ടുകാർ ചേർന്ന് കീഴ്പ്പെടുത്തി പോലീസിലേൽപ്പിക്കുകയായിരുന്നു. യുകെയിൽ അഭയാർത്ഥിയായി കഴിയുന്ന സുഡാൻ പൗരനെതിരെ കൊലപാതകശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നഗരത്തിൽ കുടിയേറ്റ വിരുദ്ധ വികാരം ആളിപ്പടർന്നത്. തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ പ്രതിഷേധക്കാർ അക്രമാസക്തരാവുകയായിരുന്നു. കിഴക്കൻ ബെൽഫാസ്റ്റിൽ ഒരു പൊതുഗതാഗത ബസിനും നിരവധി കാറുകൾക്കും പ്രതിഷേധക്കാർ തീയിട്ടു. വിദേശി വംശജർ താമസിക്കുന്ന ചില വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. വീടുകളുടെ ജനാലകൾ തകർക്കുകയും വാതിലുകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്ത പ്രതിഷേധക്കാർ ചില വീടുകൾക്ക് തീയിടുകയും ചെയ്തു. തീപിടിച്ച വീടുകളിൽ നിന്നും കുടുംബങ്ങളെ പോലീസ് സാഹസികമായാണ് രക്ഷപെടുത്തിയത്.

​സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കടുത്ത ഭാഷയിൽ അപലപിച്ചു. നമ്മുടെ തെരുവുകളിൽ ഇത്തരത്തിലുള്ള അക്രമങ്ങൾ ഒട്ടും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖംമൂടി ധരിച്ചെത്തി ആളുകളെ ആക്രമിക്കുന്നതും വീടുകൾക്ക് തീയിടുന്നതും ശുദ്ധ തെമ്മാടിത്തമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഓ നീൽ പ്രതികരിച്ചു.

മലയാളികൾക്ക് ജാഗ്രതാ നിർദ്ദേശം:

ബെൽഫാസ്റ്റിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നോർത്തേൺ അയർലൻഡിലുള്ള മലയാളി സമൂഹത്തിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷിതമായി വീടുകളിൽ തന്നെ തുടരണമെന്നും കമ്മ്യൂണിറ്റി നേതാക്കൾ അറിയിച്ചു. പല പ്രധാന റോഡുകളും പോലീസ് അടച്ചിട്ടിരിക്കുകയാണ്. നഗരത്തിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.